സഭയ്ക്കുള്ള ആലോചന
“നല്ല മനസ്സോടെ തരുന്ന ഏവനോടും”
തന്റെ വേലയെ പുരോഗമിപ്പിക്കുന്നതിലേക്ക് ദൈവം നിയമിച്ചിട്ടുള്ള ഏകമാർഗ്ഗം മനുഷ്യരെ വസ്തുവകകൾകൊണ്ട് അനുഗ്രഹിക്കുന്നതാണ്. അവൻ അവർക്കു വെയിലും മഴയും നല്കുന്നു. സസ്യാദികൾ വളരുമാറാക്കുന്നു; ധനം സമ്പാദിപ്പാൻ ആരോഗ്യവും സുഖവും നല്കുന്നു; നമ്മുടെ എല്ലാ അനുഗ്രഹങ്ങളും അവന്റെ ഔദാര്യമുള്ള കരങ്ങളിൽനിന്നു വരുന്നു. അതിനുപകരം മനുഷ്യൻ അവനോടുള്ള തന്റെ നന്ദിയെ പ്രകടിപ്പിക്കുവാൻ അവരുടെ വരുമാനങ്ങളുടെ ദശാംശവും കാണിക്കകളും സ്തോത്ര കാഴ്ചയായും സ്വമേധാദാനമായും അകൃത്യയാഗമായും കൊടുപ്പാൻ അവൻ ആവശ്യപ്പെടുന്നു. 4 സആ 104.3
സാക്ഷ്യകൂടാര നിർമ്മാണത്തിലും ദൈവാലയ നിർമ്മാണത്തിലും യഹൂദന്മാർ പ്രദർശിപ്പിച്ചിരുന്ന ദാനശീലം കസ്തവയുഗത്തിലെ ഏതു കാലഘട്ടത്തിലും ഉള്ള ക്രിസ്ത്യാനികൾ പ്രദർശിപ്പിച്ചുകാണിച്ചിട്ടില്ല. അവർ മിസ്രയീമിലെ സുദീർഘമായ പ്രവാസത്തിൽനിന്നു വിമുക്തരായി മരുഭൂമിയിൽ അലഞ്ഞുതിരിയുകയായിരുന്നു. ആ നിലയിൽ തങ്ങളെ അനുധാവനം ചെയ്തിരുന്ന മിസ്രീമ്യ സൈന്യങ്ങളുടെ ആക്രമണത്തിൽനിന്നു അവർ കഷ്ടിച്ചു രക്ഷപ്രാപിച്ചതേയുള്ളു. അപ്പോൾതന്നെ യഹോവയുടെ അരുളപ്പാടുണ്ടായിട്ടു മോശെ എനിക്കു വഴിപാടു കൊണ്ടുവരുവാൻ യിസ്രായേൽ ജനത്തോടു പറക, നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കു വേണ്ടി വഴിപാടു വാങ്ങേണം” എന്നു കല്പിച്ചു. പുറ, 25:2, സആ 104.4
അവന്റെ ജനത്തിന്റെ പക്കൽ കുറച്ചു സമ്പത്തുമാത്രമേ ഉണ്ടായിരുന്നുള്ളു. അതിനെ വർദ്ധിപ്പിപ്പാനുള്ള മാർഗ്ഗങ്ങളും അധികം ഉണ്ടായിരുന്നില്ല. എങ്കിലും അവരുടെ മുമ്പിൽ ഒരു ലക്ഷ്യം വയ്ക്കപ്പെട്ടിരുന്നു. ദൈവത്തിനു ഒരു കൂടാരം ചമയ്ക്കുക എന്നുള്ളതുതന്നെ. യഹോവ സംസാരിച്ചു. അവർ അവന്റെ വാക്കു അനുസരിക്കണം. അവർ യാതൊന്നും പിടിച്ചില്ല. എല്ലാവരും നല്ല മനസ്സോടുകൂടി അവരുടെ വർദ്ധനവിൽ ഒരംശമല്ല, അവരുടെ യഥാർത വസ്തുക്കളിൽ ഒരു വലിയ ഭാഗംതന്നെ കൊണ്ടുവന്നു. അവർ ഭക്തിയോടും മനഃപൂർവ്വമായും കൊണ്ടുവന്നു യഹോവയെ പ്രസാദിപ്പിച്ചു. അവയെല്ലാം അവന്റേതായിരുന്നില്ലയോ? തങ്ങളുടെ പക്കലുണ്ടായിരുന്നതെല്ലാം അവൻ കൊടുത്തതല്ലയോ? അവൻ ആവശ്യപ്പെട്ടാൽ ഉത്തമർണ്ണന് അതു മടക്കി ക്കൊടുക്കേണ്ടതല്ലയോ? സആ 104.5
നിർബ്ബന്ധം കൂടാതെ ജനങ്ങൾ ആവശ്യമുള്ളതിലധികം കൊണ്ടുവന്നതിനാൽ വീണ്ടും കൊണ്ടുവരുന്നതിൽ നിന്നു ജനങ്ങളെ തടഞ്ഞു. ദൈവാലയം പണി കഴിപ്പിച്ചപ്പോൾ അതിനുവേണ്ട സാധനങ്ങളും ആവശ്യാനുസരണം കൊണ്ടുവന്നു. ജനങ്ങൾ അതിൽ വൈമനസ്യം പ്രദർശിപ്പിച്ചില്ല. ദൈവാരാധനയ്ക്കുള്ള ആലയനിർമ്മാണത്തിൽ അവർ ആഹ്ളാദിക്കുകയും ആ കാര്യനിർവഹണത്തിനായി വേണ്ടതിലധികം സംഭാവന ചെയ്ക്കുകയും ചെയതു. സആ 105.1
എബ്രായരെക്കാൾ വിശേഷതയേറിയ വെളിച്ചം പ്രാപിച്ചിരിക്കുന്ന കിസ്ത്യാനികൾ അവരെക്കാൾ കുറവായി സംഭാവന നല്കാമോ? ലോകാന്ത്യത്തോട് അടുത്തു ജീവിക്കുന്ന ക്രിസ്ത്യാനികൾ കൊടുക്കുന്ന കാണിക്ക അന്നത്തെ യഹൂദന്മാർ കൊടുത്തതിന്റെ പകുതിയായിരിക്കുന്നതുകൊണ്ടു തൃപ്തിപ്പെടാമോ? 5 സആ 105.2
വെളിച്ചത്തിന്റെയും സത്യത്തിന്റെയും പ്രചാരണം സ്വർഗ്ഗീയ ദാനം ആസ്വദിച്ചവരുടെ മനഃപൂർവ്വദാനങ്ങളും ഔദാര്യപൂർവ്വകമായ കാണിക്കകളുംകൊണ്ടു ഈ ലോകത്തിൽ നടത്തപ്പെടണമെന്നു കർത്താവു നിർദ്ദേശിച്ചിരിക്കുന്നു. ചുരുക്കം ചിലർ മാത്രമേ പാസ്റ്റർമാരെയും മിഷനറിമാരെയും പോലെ യാത്ര ചെയ്യാൻ വിളിക്കപ്പെട്ടിട്ടുള്ളു. എന്നാൽ ഭൂരിപക്ഷം ആളുകളും തങ്ങളുടെ വസ്തുവകകൾകൊണ്ടു സത്യം ഗ്രഹിപ്പിക്കുന്നതിൽ സഹകരിക്കണം. ദൈവവേലയക്കു സഹായം നല്കുവാനുള്ള വിളികൾ വന്നു കൊണ്ടിരിക്കുന്നു. അതുകൊണ്ടു ഞാൻ കൊടുത്തു തളർന്നുപോയി എന്നൊരാൾ പറഞ്ഞേക്കാം. നിങ്ങൾ അങ്ങനെയാകുന്നുവോ? ഞാൻ നിങ്ങളോടു ഒരു ചോദ്യം ചോദിക്കട്ടെ. ദൈവത്തിന്റെ ഉദാരഹസ്തങ്ങളിൽനിന്നു വാങ്ങുവാൻ നിങ്ങൾക്കു ക്ഷീണമായിപ്പോയോ? അവൻ നിന്നെ അനുഗ്രഹിക്കുന്നതു മതിയാക്കുന്നതുവരെ അവന്റെ അവകാശം മടക്കിക്കൊടുക്കുന്നതു നീയും മതിയാക്കരുത്. നീ മറ്റുള്ളവർക്കൊരു അനുഗ്രഹമായിത്തീരുവാനാണ് ദൈവം നിന്നെ അനുഗ്രഹിക്കുന്നത്. നീ വാങ്ങുവാൻ ക്ഷീണിച്ചുപോകു മ്പോൾ കൊടുപ്പാനും വളരെ അപേക്ഷകൾ ഉള്ളതുകൊണ്ടു ഞാൻ തളർന്നുപോകുന്നു എന്നു നിനക്കു പറയാം. നാം പ്രാപിക്കുന്ന എല്ലാറ്റിലും ഒരംശം ദൈവം തനിക്കായി സംവരണം ചെയ്യുന്നു. അത് അവനു കൊടുക്കുമ്പോൾ ശേഷിച്ചിരിക്കുന്ന ഭാഗം അനുഗ്രഹീതമായിത്തീരുന്നു. ദൈവത്തിന്റെ അവകാശം ഒന്നാമത്തേതും മറ്റുള്ളതെല്ലാം രണ്ടാമത്തേതുമാകുന്നു. 6 സആ 105.3