സഭയ്ക്കുള്ള ആലോചന
ശബ്ബത്ത് സ്കൂൾ
ശബ്ബത്ത് സ്കൂൾ പ്രവർത്തനത്തിന്റെ ഉദ്ദേശം ആത്മനേട്ടം ആയിരിക്കണം. പ്രവർത്തനരീതി തെറ്റില്ലാത്തതായിരിക്കാം, സാധനസാമഗ്രികളും ആഗ്രഹാനുസരണം ഉണ്ടായിരുന്നേക്കാം. എങ്കിലും അതു ചെറുപൈതങ്ങളെയും യുവജനങ്ങളെയും കർത്താവിങ്കലേക്കു ആകർഷിച്ചില്ലെങ്കിൽ അങ്ങനെയുള്ള ശബ്ബത്ത് സ്കൂൾ, പരാജിതമത്രേ, കാരണം ക്രിസ്തുവിങ്കലേക്ക് ആത്മാക്കളെ ആകർഷിച്ചില്ലെങ്കിൽ ശബ്ബത്ത് സ്കൂൾ വെറും ബാഹ്യമതത്തിന്റെ സ്വാധീനശക്തിക്കധീനമായി അധികമധികം ഹൃദയസ്പർശകമല്ലാതായിത്തീരുന്നതാണ്. സഹായമാവശ്യമുള്ളവരുടെ ഹൃദയ വാതില്ക്കൽ ക്രിസ്തു മുട്ടുമ്പോൾ അദ്ധ്യാപകൻ അവനോടു സഹകരിക്കണം. അധ്യേതാക്കൾ പരിശുദ്ധാത്മാവിന്റെ വാദത്തിനു വിധേയരായി യേശു ഉൾപ്രവേശിക്കുമാറു ഹൃദയകവാടങ്ങൾ തുറന്നു കൊടുക്കുമെങ്കിൽ, അവർക്കു ദൈവിക കാര്യങ്ങൾ സുഗ്രാഹ്യമായിത്തീരത്തക്കവണ്ണം അവൻ അവരുടെ ഗ്രഹണശക്തി വർദ്ധിപ്പിക്കുന്നതാണ്. അദ്ധ്യാപകന്റെ ജോലി വളരെ ലളിതമാണ്. എന്നാൽ യേശുവിന്റെ ആത്മാവിൽ അതു ചെയ്യുമെങ്കിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം മുഖേന അതിന്റെ നൈപുണ്യവും ആഴവും വർദ്ധിച്ചുവരും. സആ 70.4
മാതാപിതാക്കന്മാരേ, ഓരോ ദിവസവും നിങ്ങളുടെ മക്കളോടുകൂടി ശബ്ബത്ത് സ്കൂൾ പാഠം പഠിക്കാൻ അല്പസമയം വേർതിരിച്ചുവെയ്പിൻ, ആവശ്യമെന്നു കണ്ടാൽ സാമൂഹ്യ സന്ദർശനങ്ങൾ മാറ്റിവെയ്ക്കണം, വിശുദ്ധ രേഖയിലെ പാഠങ്ങൾ പഠിക്കുവാൻ വേർതിരിക്കപ്പെട്ട സമയത്തെ ദുർവ്വിനിയോഗപ്പെടുത്തുന്നതിനെക്കാൾ നല്ലതാണ് സാമൂഹ്യ സന്ദർശനങ്ങൾ മാറ്റിവയ്ക്കുന്നതു. ഈ പാനം മാതാപിതാക്കന്മാർക്കും മക്കൾക്കും ഒന്നുപോലെ ഗുണപ്രദമായിരിക്കും. പാഠത്തോടനുബന്ധിതമായി അധികം പ്രധാനപ്പെട്ട തിരുവെഴുത്തു ഭാഗങ്ങൾ -ഒരു ജോലിയായിട്ടല്ല ഒരു പദവിയായി കരുതി- മനപ്പാഠമാക്കണം. ആദ്യം ഉരുവിടുന്നതു അത്ര ശരിയാകണമെന്നില്ല. എങ്കിലും തുടർച്ചയായുള്ള അഭ്യാസത്താൽ അതു ശരിപ്പെടുക മാത്രമല്ല കാലാന്തരത്തിൽ അങ്ങനെ സത്യവചനങ്ങളെ നിങ്ങളുടെ ഹ്യദയത്തിൽ ഗ്രഹിപ്പാനിടയായതിൽ നിങ്ങൾ പ്രമോദിക്കുകയും ചെയ്യുന്നതാണ്, ആ ശീലം മതപരമായ വളർച്ചയിൽ അത്യധികം വിലയേറിയ ഒരു സഹായമായും തീരുന്നതാണ്. സആ 71.1
നിങ്ങളുടെ കുടുംബങ്ങളിൽ വേദപഠനത്തിനു ഒരു വ്യവസ്ഥ ഉണ്ടായിരിക്കയും അതു പാലിക്കയും ചെയ്യണം. ഭൗമികമായ ഏതൊരു കാര്യവും ഉപേക്ഷിക്കാം, അനാവശ്യമായ തുന്നൽപണി, അത്യാവശ്യമില്ലാത്ത ഭക്ഷണം എന്നിവ ഒഴിവാക്കാം. എങ്കിലും ജീവന്റെ അപ്പംകൊണ്ടു ആത്മാവിനെ തീർച്ചയായും പോഷിപ്പിക്കണം. സന്തോഷപൂർണ്ണവും സൗഹാർദ്ദപരവുമായ വിധത്തിൽ ഒരു മണിക്കൂറോ അരമണിക്കൂറോ നേരം ദൈവവചനം പഠിക്കുന്നതിന്റെ സൽഫലമെന്തായിരിക്കുമെന്നു കണക്കാക്കുവാൻ ആരാലും സാദ്ധ്യമല്ല. വേദപുസതകം അതിന്റെ സ്വന്തവ്യഖ്യാതാവായിരിക്കട്ടെ. ഒരു നിർദ്ദിഷ്ട വിഷയത്തെപ്പറ്റി വിവിധ കാലങ്ങളിലും വിവിധ പരിതസ്ഥിതികളിലുമായി പറയപ്പെട്ട, എല്ലാ പ്രസ്താവനകളും കൂട്ടിച്ചേർത്തു വേണം അതിന്റെ പൂർണ്ണരൂപം ഗ്രഹിപ്പാൻ. അതിഥികളുടെയോ സന്ദർശകരുടെയോ ആഗമനം നിമിത്തം നിങ്ങളുടെ ഗാർഹിക വേദപഠനക്ലാസ്സ് മുടക്കിക്കളയരുത്. ക്ലാസ്സ് നടന്നുകൊണ്ടിരിക്കുമ്പോൾ അവർ വരികയാണെങ്കിൽ അവരെ അതിൽ പങ്കുകൊൾവാൻ ക്ഷണിക്കുക. ലൗകികാദായമോ സുഖമോ കൈവരുത്തുന്നതിനെക്കാൾ അധികം പ്രാധാന്യമർഹിക്കുന്നതായി നിങ്ങൾ കരുതു ന്നതു ദൈവിക ജ്ഞാനസമ്പാദനമാണെന്നു കാണപ്പെടട്ടെ. സആ 71.2
ചില ശബ്ബത്തുസ്ക്കൂളുകളിൽ പാഠം പുസ്തകത്തിൽ നിന്നു വായിക്കുന്ന പതിവു നിലവിലിരിക്കുന്നു എന്നു പറയേണ്ടിവരുന്നതിൽ എനിക്കു ഖേദമുണ്ട്. ഇതു അരുതാത്തതാകുന്നു. പലപ്പോഴും അനാവശ്യമായും പാപകരമായും വ്യയം ചെയ്യുന്ന സമയത്തെ തിരുവചനപഠനത്തിന്നായി വിനിയോഗിച്ചാൽ അപ്രകാരം ചെയ്യേണ്ടിവരികയില്ലായിരുന്നു. അദ്ധ്യാപകരും അദ്ധ്യേതാക്കളും സാധാരണ വിദ്യാലയങ്ങളിലെ പാഠം പഠിക്കുന്നതിനെക്കാൾ അപൂർണ്ണമായ രീതിയിൽ ശബ്ബത്ത് സ്കൂൾ പാഠം പഠിക്കുവാൻ യാതൊരു കാരണവുമില്ല; അവർ നിസ്സീമമായ പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങളെപ്പറ്റി പഠിക്കുന്നതുകൊണ്ട് ഏറെ നല്ല പഠിതാക്കളായിയിരിക്കേണ്ടതാണ്. ഉദാസീനത ദൈവത്തിന്നു അപ്രീതിയുള്ളതാണ്. സആ 72.1
ശബ്ബത്ത് സ്കൂൾ പാഠം പഠിപ്പിക്കുന്നവർ അവരുടെ ഹൃദയങ്ങളെ ദൈവ വചനംകൊണ്ടു ചൂടുപിടിപ്പിച്ചും ശക്തീകരിക്കപ്പെട്ടും വചനം കേൾക്കുന്നവരായി മാത്രമല്ല, അതനുസരിച്ചു ജീവിക്കുന്നവരായും കാണപ്പെടണം. കൊമ്പുകൾ മുന്തിരിവള്ളിയാൽ പോഷിപ്പിക്കപ്പെടുന്നതുപോലെ അവർ ക്രിസ്തുവിൽ പോഷിപ്പിക്കപ്പെടണം. ദൈവത്തിന്റെ തോട്ടത്തിലെ മനോഹരകുസുമങ്ങൾക്കു തുല്യം വിടർന്നു വികസിച്ചു സുഗന്ധം വീശുന്ന പൂക്കളുള്ള വിലയേറിയ ചെടികൾ പോലെ അവരുടെ ഹൃദയങ്ങൾ ആയിരിക്കു മാറു സ്വർഗ്ഗീയ കൃപയുടെ മഞ്ഞുതുള്ളികൾ അവയുടെ മേൽ വർഷിപ്പിക്ക പ്പെടണം. അദ്ധ്യാപകർ സോത്സാഹം ദൈവവചനം പഠിക്കുന്നവരും തങ്ങൾ ക്രിസ്തുവിന്റെ പള്ളിക്കൂടത്തിലെ ദൈനംദിനപാഠങ്ങൾ പഠിച്ചുവരുന്നു എന്നും, ലോകത്തിന്റെ വെളിച്ചവും, ശ്രഷ്ഠമഹാദ്ധ്യാപകനുമായ അവങ്കൽ നിന്നു പ്രാപിക്കുന്ന വെളിച്ചം മറ്റുള്ളവർക്കു പകർന്നുകൊടുപ്പാൻ പ്രാപ്തിയുള്ളവരാണെന്നും ഉള്ള വസ്തുത തങ്ങളുടെ ജീവിതം മുഖേന വെളിവാക്കുന്നവരും ആയിരിക്കണം. സആ 72.2
കാലാകാലങ്ങളിൽ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മുഖ ദാക്ഷിണ്യം കാണിക്കാതിരിപ്പാൻ ഉറ്റു ശ്രമിക്കണം. ഭരിക്കാതെ, ദൈവത്തെ സആ 72.3
സ്നേഹിക്കയും ഭയപ്പെടുകയും ചെയ്കയും ദൈവത്തെ തങ്ങളുടെ ആലോചനാകർത്താവാക്കുകയും ചെയ്യുന്നവരാണെന്നു നിങ്ങൾക്കു ബോദ്ധ്യമുള്ള ആളുകളെ ചുമതലയുള്ള സ്ഥാനങ്ങളിലേക്കു തെരഞ്ഞെടുക്കണം. 10 സആ 72.4