സഭയ്ക്കുള്ള ആലോചന
വരുവിൻ! നമുക്കു യഹോവയെ നമസ്കരിക്കാം
” രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട്” എന്നു യേശു പറഞ്ഞിട്ടുണ്ട്. മത്തായി. 18:20. രണ്ടോ മൂന്നോ വിശ്വാസികളുള്ളടത്തൊക്കെയും മേലുദ്ധരിച്ച വാഗ്ദത്ത നിവൃത്തി അവകാശപ്പെട്ടുകൊണ്ടു അവർ ശബ്ബത്തുതോറും ഏതെങ്കിലും ഒരു സ്ഥലത്തു കൂടിവരട്ടെ. സആ 69.3
ദൈവത്തിന്റെ വിശുദ്ധ ദിവസത്തിൽ അവനെ ആരാധിപ്പാനായി കൂടിവരുന്ന ചെറിയ സമൂഹങ്ങൾക്കു യഹോവയുടെ വിലയേറിയ അനുഗ്രഹങ്ങൾ അവകാശപ്പെടാം. അവരുടെ യോഗങ്ങളിൽ യേശു ഒരു ബഹുമാന്യാതിഥിയായി സന്നിഹിതനായിരിക്കുന്നു എന്നു അവർ വിശ്വസിക്കണം. ശബ്ബത്തിനെ ശുദ്ധമായി ആചരിക്കുന്ന ഓരോ സത്യനമസ്ക്കാരിയും “ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു” (പുറ.31:12} എന്നുള്ള വാഗ്ദത്തം അവകാശപ്പെടണം. 7 സആ 69.4
ശബ്ബത്ത് മനുഷ്യനുവേണ്ടി ഉണ്ടാക്കപ്പെട്ടു. അതു അവന്റെ മനസ്സിനെ ദൈവത്തിന്റെ നന്മയെയും മഹത്വത്തെയുംകുറിച്ചു ധ്യാനിപ്പാനായി ലൗകിക ജോലികളിൽനിന്നു വ്യതിചലിപ്പിക്കമൂലം അവന് ഒരനുഗ്രഹമായിരിക്കേണ്ടതിനാണ്. ദൈവത്തെക്കുറിച്ചു സംസാരിക്കാനും അവന്റെ വചനത്തിൽ അടങ്ങിയിരിക്കുന്ന സത്യങ്ങളെ സംബന്ധിച്ച നിരൂപണങ്ങളും അഭിപ്രായങ്ങളും വിനിമയം ചെയ്യാനും സമയത്തിൽ ഒരു ഭാഗം സന്ദർഭോചിതമായ പ്രാർത്ഥനയിൽ ചെലവഴിപ്പാനുമായി അവന്റെ ജനം ഒരു സ്ഥലത്തുകൂടിവരേണ്ടതു ആവശ്യമാണ്. എന്നാൽ പ്രസ്തുത കൂടിവരവുകൾ ശബ്ബത്തിൽ ആയിരുന്നാലും സമയദൈർഘ്യംകൊണ്ടും താല്പര്യരാഹിത്യത്താലും അവയിൽ ഭാഗ ഭാക്കാകുന്നവരെ മുഷിപ്പിക്കുന്നവയായിരിക്കരുത്. സആ 70.1
സഭയിൽ ശുശ്രൂഷകൻ ഇല്ലാതിരിക്കുമ്പോൾ യോഗം നടത്തുവാൻ ഏതെങ്കിലും ഒരാളെ തെരഞ്ഞെടുത്തുകൊള്ളണം. എന്നാൽ അങ്ങനെ നിയമിക്കപ്പെടുന്ന ആൾ ഒരു പ്രസംഗം ചെയ്കയോ, ആ യോഗത്തിലേക്കു നിശ്ചയിച്ചിട്ടുള്ള സമയത്തിൽ ഭൂരിഭാഗവും താൻതന്നെ ചെലവഴിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. മിക്കപ്പോഴും ഒരു ചുരുങ്ങിയതും താല്പര്യജനകവുമായ വേദവായന ഒരു പ്രസംഗത്തെക്കാൾ അധികം ഗുണപ്രദമായിരിക്കും. ഇതിനെ തുടർന്നു കുറേസമയം പ്രാർത്ഥിപ്പാനും സാക്ഷി പറവാനുമായി വിനിയോഗിക്കാം. സആ 70.2
ശബ്ബത്തുയോഗങ്ങളെ താല്പര്യജനകമാക്കുന്നതിൽ ഓരോ വ്യക്തിക്കും ഒരു പങ്കുണ്ടെന്ന് കരുതിക്കൊള്ളണം. ഒരു ചടങ്ങായി മാത്രം നിങ്ങൾ കൂടിവരാതെ, അതു അഭിപ്രായവിനിമയത്തിനും ദൈനംദിന അനുഭവങ്ങളെ സാക്ഷിപ്പാനും സ്തോത്രം അർപ്പിപ്പാനും ദൈവീക പ്രകാശനം പ്രാപിപ്പാനുള്ള നിങ്ങളുടെ ആത്മാർത്ഥമായ അഭിവാഞ്ഛയെ പ്രകടമാക്കുവാനും പര്യാപ്തമായിരിക്കണം. ദൈവത്തെയും അവൻ അയച്ച യേശുക്രിസ്തുവിനെയും അറിവാൻതന്നെ ഒരുമിച്ചുകൂടി ക്രിസ്തുവിനെക്കുറിച്ചു സംഭാഷിക്കുന്നതു, ജീവിതത്തിലെ പരീക്ഷകൾക്കും ആയോധനങ്ങൾക്കും എതിരായി ആത്മാവിനെ ശക്തീകരിക്കും. നിങ്ങളുടെ ഇടയിൽ തന്നെ പിന്മാറി നിന്നു കൊണ്ടു ക്രിസ്ത്യാനികളായിരിപ്പാൻ നിങ്ങൾക്കു സാധിക്കുമെന്നു ഒരിക്കലും നിരൂപിക്കരുത്, ഓരോ വ്യക്തിയും മാനവകുലമെന്ന വൻ വലയുടെ ഒരു ഭാഗമാകുന്നു. ഓരോരുത്തന്റെയും അനുഭവം അവന്റെ സഹചാരികളുടെ അനുഭവംകൊണ്ടു ഏറെക്കുറെ നിർണ്ണയിക്കാം. 8 സആ 70.3