സഭയ്ക്കുള്ള ആലോചന
മിസ്റ്റിസ് വൈറ്റിന്റെ ജീവിതവും പ്രവർത്തനവും
എലൻ ജി, ഹാർമ്മണും അവളുടെ സഹോദരിയും 1827 നവംബർ 26-നു അമേരിക്കൻ ഐക്യനാടുകളിലെ ഗോർഹാം മെയിൻ എന്ന സ്ഥലത്തു ജാതരായി. ഒൻപതു വയസ്സു പ്രായമുള്ളപ്പോൾ ഒരു സഹപാഠിയുടെ നിർവിചാരമായ കല്ലേറപകടത്തിൽ അകപ്പെട്ടു. അതിനാൽ മുഖത്തു അത് കഠിനമായ പരുക്കേൽക്കുകമൂലം ജീവഹാനി നേരിട്ടില്ലെങ്കിലും വിദ്യാഭ്യാസം തുടരുവാൻ അശേഷം കഴിവില്ലാത്ത ദുർബലാവസ്ഥയിൽ ആഴ്ത്തിക്കളഞ്ഞു. സആ 23.2
പതിനൊന്നാമത്തെ വയസ്സിൽ അവർ തന്റെ ഹൃദയം ദൈവത്തിന്നു സമർപ്പിക്കയും അതിനെ തുടർന്നു ഏറെ താമസിയാതെ സമുദ്രത്തിൽ മുങ്ങി സ്നാനമേറ്റു ഒരു മെതഡിസ്റ്റു സഭാംഗമായിത്തീരുകയും ചെയ്തു. അതിന്റെ ശേഷം സ്വകുടുംബത്തിലെ ഇതര അംഗങ്ങളുമായി മെയിൻ സംസ്ഥാനത്തിലെ പോർട്ടുലാൻഡിൽ നടത്തപ്പെട്ടിരുന്ന അഡ്വന്റിസ്റ്റ് യോഗങ്ങളിൽ സംബന്ധിച്ചു. ആ യോഗങ്ങളിൽ വില്യം മില്ലറും അദ്ദേഹത്തിന്റെ അനുയായികളും ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ സാമീപ്യതയെക്കുറിച്ചു പ്രസംഗിച്ചു. കേൾപ്പിച്ച എല്ലാ അഭിപ്രായങ്ങളും അവർ പരിപൂർണ്ണമായി സ്വീകരിക്കയും, ഉത്തമ വിശ്വാസത്തോടുകൂടി രക്ഷിതാവിന്റെ പുനരാഗമനത്തെ നോക്കിപ്പാർക്കുകയും ചെയ്തു. സആ 23.3
1844 ഡിസംബർ മാസത്തിലെ ഒരു പ്രഭാതത്തിൽ അവൾ മറ്റു നാലു സ്ത്രീകളുമായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ, ദൈവശക്തി അവളുടെ മേൽ പതിച്ചു. ആദ്യം അവർക്കു എല്ലാ ഭൗമീക കാര്യങ്ങളും അദൃശ്യമായി, അനന്തരം ഒരു ഭാവാർത്ഥ വെളിപ്പാടിൽ അവൾ പുനരാഗമന കാംക്ഷികളും സആ 23.4
ദൈവ നഗരത്തിലേക്കുള്ള യാത്രയും വിശ്വസ്തരായി കണക്കാക്കപ്പെട്ടവർക്കുള്ള പ്രതിഫലവും ദർശിച്ചു. ഭയത്തോടും വിറയലോടും കൂടി ഈ പതിനേഴു വയസായ പെൺകുട്ടി, ഇതിനെയും തുടർന്നുണ്ടായ ദർശനങ്ങളെയും പോർട്ടുലന്റിൽ ഉണ്ടായിരുന്ന സഹവിശ്വാസികളോടു വിവരിച്ചു പറഞ്ഞു. പിന്നീട് അവസരം ലഭിച്ചപ്പോഴെല്ലാം അവൾ ആ ദർശനം മെയിനിലും ഇതര സംസ്ഥാനങ്ങളിലുമുണ്ടായിരുന്ന പുനരാഗമന കാംക്ഷികളുടെ സമൂഹങ്ങളെ ആവർത്തിച്ചു പറഞ്ഞു കേൾപ്പിച്ചു. സആ 23.5
1846 ആഗസ്റ്റിൽ എല്ലൻ ഹാർമൺ അഡ്വന്റിസ്റ്റു ശുശ്രൂഷകനും യൌവന യുക്തനുമായ ജെയിംസ് വൈറ്റ് എന്ന ദേഹവുമായി വിശുദ്ധ വിവാഹത്തിൽ ഏർപ്പെട്ടു. അന്നു മുതൽ 1881 ആഗസ്റ്റു 6-ാം നു ദൈവഭൃത്യൻ കർത്താവിൽ നിദ്രപ്രാപിച്ചതുവരെയുള്ള 35 സംവത്സരങ്ങളിലും മിസ്സിസ് വൈറ്റിന്റെ ജീവിതം സുവിശേഷ ശുശ്രൂഷാപരമായി കഠിനാദ്ധ്വാനത്തിൽ സ്വഭർത്താവിന്റേതിനോട് അഭേദ്യമാംവണ്ണം ഘടിപ്പിക്കപ്പെട്ടിരുന്നു. അവർ ഒരുമിച്ചു ഐക്യസംസ്ഥാനങ്ങളിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചു പ്രസംഗിച്ചും എഴുതിയും നട്ടും പണിതും രൂപീകരിച്ചും ഭരണം നടത്തിയും പോന്നിരുന്നു. സആ 23.6
എൽഡർ വൈറ്റും മിസ്സിസ് വൈറ്റും അവരുടെ കൂട്ടുകാരും ചേർന്നു എത്ര വിസ്തൃതവും സദൃഢവുമായ അടിസ്ഥാനമാണിട്ടതെന്നും അവർ നിർവ്വഹിച്ച കെട്ടുപണി എത്ര ബുദ്ധിപൂർവ്വകവും ഭംഗിയായതും ആയിരുന്നുവെന്നും കാലവും പരീക്ഷണങ്ങളും തെളിയിച്ചിട്ടുണ്ട്. ശബ്ബത്താചരണക്കാരായ അഡ്വന്റിസ്റ്റുകാരുടെയിടയിൽ 1849 ലും 1850 ലും സമാരംഭിച്ച പ്രസിദ്ധീകരണ ജോലിക്കു അവർ നേതൃത്വം വഹിച്ചു. അവ്വണ്ണം തന്നെ പത്തൊൻപതാം നൂറ്റാണ്ടിന്റെ അഞ്ചാം ദശവത്സരത്തിന്റെ അന്ത്യഭാഗത്ത് എത്രയും പരിപക്വമായ ഒരു ധനകാര്യ വ്യവസ്ഥയോടുകൂടി കൈവരുത്തപ്പെട്ട സഭാരൂപീകരണപ്രവൃത്തിക്കും അവർ നേതൃത്വം നല്കുകയുണ്ടായി. അതിന്റെ പരിണിതഫലമാണ് 1863-ൽ രൂപമെടുത്ത സെവന്ത് ഡേ അഡ്വന്റിസ്റ്റുകാരുടെ ജനറൽ കോൺഫ്രൻസ്. 1865 നും 69 നും ഇടയ്ക്കാണ് നമ്മുടെ വൈദ്യവേല ആരംഭിച്ചത്. നമ്മുടെ മഹത്തായ വിദ്യാഭ്യാസ വേല യുടെ ആരംഭം 19-ാം നൂറ്റാണ്ടിലെ ഏഴാം ദശവത്സര ആരംഭഘട്ടത്തിലായിരുന്നു. ആണ്ടുതോറും ക്യാമ്പുമീറ്റിംഗുകൾ നടത്തണമെന്ന പദ്ധതി വികസിത മാക്കപ്പെട്ടതു 1868 ലും സെവന്ത് ഡേ അഡ്വന്റിസ്റ്റു ജനത ഇദംപ്രഥമമായി ഒരു വിദേശ മിഷനറിയെ അയച്ചത് 1874 -ലുമായിരുന്നു സആ 24.1
മിസ്സിസ് എലൻ ജി.വൈറ്റു മുഖേന ദൈവം ഈ ജനതയ്ക്കു വാക്കാലും രേഖാമൂലവും നല്കിയിരുന്ന ആലോചനകളാണ് ഈ വികസനപ്രവർത്തനങ്ങൾക്കെല്ലാം വഴികാട്ടിയായിരുന്നത്. ആദിമഘട്ടങ്ങളിൽ നല്കപ്പെട്ട ആലോചനകളിൽ ഏറിയ കൂറും ആളാംപ്രതിയായ കത്തുകളായോ “ഏതല്ക്കാല സത്യം” (Present Truth) എന്ന നമ്മുടെ പ്രഥമ പ്രസിദ്ധീകരണത്തിലുള്ള ലേഖനങ്ങൾ മുഖേനയോ ആണ് പകർന്നുകൊടുക്കപ്പെട്ടത്. 1851 ലാണ് എലൻ ജി. വൈറ്റിന്റെ ക്രിസ്തീയാനുഭവങ്ങളുടെയും അഭിപ്രായങ്ങ ളുടെയും ഒരു സംക്ഷിപ്ത വിവരണം (A Sketch of the Christian Experience and Views) എന്ന ശീർഷകത്തിലും 64 പുറങ്ങളടങ്ങിയതുമായ നമ്മുടെ ഒന്നാമത്തെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. സആ 24.2
1855 മുതൽ സഭയുടെ സാക്ഷ്യങ്ങൾ എന്ന ശീർഷകത്തിൽ (Testimony of the Church) നമ്പർ പ്രകാരം ഒരു ലഘുലേഖ പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടു, ഇവയിലൂടെ കാലാകാലങ്ങളിൽ ദൈവം തന്റെ ജനത്തെ അനുഗ്രഹിപ്പാനും ശാസിപ്പാനും വഴിനടത്തുവാനുമായി നൽകിയിരുന്ന ഉപദേശത്തിന്റെയും ശാസനയുടെയും ദൂതുകൾ കരഗതമാക്കപ്പെട്ട ഈ ഉപദേശങ്ങൾക്കായി സദാ തുടർന്നുകൊണ്ടിരുന്ന മുറവിളിയെ അഭിമുഖീകരിക്കുവാൻ വേണ്ടി 1885 ൽ ലഘു ലേഖകളെല്ലാം ചേർത്തു നാലു പുസതകങ്ങളായി വീണ്ടും പ്രസിദ്ധീകരിച്ചു. അതിനെതുടർന്നു 1889-1909 വരെയുള്ള സംവത്സരങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഇതര വാല്യങ്ങളും ചേർത്തു സഭയ്ക്കു വേണ്ടിയുള്ള സാക്ഷ്യങ്ങൾ (Testimonies for the Church) എന്ന ശീർഷകത്തിൽ ഒൻപതു വാല്യങ്ങളടങ്ങിയ ഒരു കൂട്ടം പുസ്തകങ്ങൾ ചമയ്ക്കപ്പെട്ടു. വൈറ്റു ദമ്പതികൾക്ക് നാലു കുഞ്ഞുങ്ങൾ ജനിച്ചു. മൂത്തത് ഹെൻട്രി എന്നു പേരുള്ള ഒരു ആൺകുഞ്ഞായിരുന്നു. അവൻ പതിനാറു വയസ്സുവരെ ജീവിച്ചിരുന്ന ശേഷം മരിച്ചുപോയി. ഹെർബർട്ടു എന്ന ഇളയ പുത്രൻ മൂന്നു മാസം പ്രായമായപ്പോൾ മരിച്ചു. നടുവിലത്തെ പുത്രന്മാരായ എഡ്സന്നും വില്യമും വളർന്ന് പ്രായപൂർത്തി പ്രാപിക്കയും സഭാ പ്രവർത്തനത്തിൽ സജീ വമായി ഏർപ്പെടുകയും ചെയ്തു. സആ 24.3
ജനറൽ കോൺഫ്രൻസിലെ അപേക്ഷപ്രകാരം മിസ്സിസ് വൈറ്റ് 1885-ാ മാണ്ട് വേനൽക്കാലത്ത് യൂറോപ്പിലേക്കു പോയി. അവിടെ അവർ രണ്ടു സംവത്സരം താമസിച്ചു ആ ഭൂഖണ്ഡത്തിൽ പുതുതായി വികസിതമാക്കപ്പെട്ടിരുന്ന വേലയെ സുശ്ശക്തമാക്കുകയുണ്ടായി. സ്വിറ്റ്സർലണ്ടിലെ ബേസലിൽ താമസമുറപ്പിച്ചുകൊണ്ട് അവർ ആ ഭൂഖണ്ഡത്തിന്റെ തെക്കും മദ്ധ്യവും വടക്കുംഭാഗങ്ങളിൽ വളരെ ദൂരം സഞ്ചരിച്ചു സഭയുടെ പൊതു സമ്മേളനങ്ങളിലും വിശ്വാസികളുടെ കൂട്ടങ്ങളിലും സംബന്ധിച്ചിരുന്നു. സആ 25.1
നാലു സംവത്സരങ്ങൾക്കുശേഷം അമേരിക്കയിൽ മടങ്ങിയെത്തിയപ്പോൾ അവിടെ വച്ചുണ്ടായ ജനറൽ കോൺഫ്രൻസിന്റെ ക്ഷണമനുസരിച്ച് മിസ്സിസ് വൈറ്റ് അവരുടെ 63-ാമത്തെ വയസ്സിൽ ആസ്ത്രേലിയായിലേക്ക് കപ്പൽ കയറി. അവിടെ അവർ നമ്മുടെ വേലയുടെ, പ്രത്യേകിച്ച് വിദ്യാഭ്യാസപരവും വൈദ്യപരവുമായ വേലയുടെ ആരംഭത്തെയും വികസനത്തെയും സഹായിച്ചുകൊണ്ട് ഒൻപതു സംവത്സരം കഴിച്ചുകൂട്ടി. 1900-ൽ മിസ്സിസ് വൈറ്റ് അമേരിക്കയിലേക്കു മടങ്ങിയെത്തി പശ്ചിമഭാഗത്തുള്ള കാലിഫോർണിയായിലെ സെന്റു ഹെലീന എന്ന സ്ഥലത്തു ഒരു വീടു പണിയിച്ചു. അതിൽ 1915-ൽ തന്റെ മരണം വരെ പാർത്തു. സആ 25.2
മിസ്സിസ് വൈറ്റ് 60 സംവത്സരം അമേരിക്കയിലും 10 സംവത്സരം വിദേശ ത്തും സേവനം അനുഷ്ഠിച്ചിരുന്ന കാലയളവിൽ അവർക്കു ഏകദേശം 2000 ദർശനങ്ങളോളം നല്കപ്പെട്ടിരുന്നു. ആ ദർശനങ്ങളെ അടിസ്ഥാനമാക്കി അവർ അശ്രാന്ത പരിശ്രമം ചെയ്ത വ്യക്തികൾക്കും സഭകൾക്കും പരസ്യയോഗങ്ങളിലും ജനറൽ കോൺഫ്രൻസു സമ്മേളനങ്ങളിലും നല്കിയ ആലോചനകളാണ്, ഈ വൻ പ്രസ്ഥാനത്തെ ഇത്രത്തോളം രൂപപ്പെടുത്തുകയും വളർത്തുകയും ചെയ്തിട്ടുള്ളത്. ദൈവം തനിക്കു നല്കിയ ദൂതുകളെ അവ അർഹിച്ചിരുന്ന എല്ലാവർക്കും എത്തിച്ചുകൊടുപ്പാനുള്ള അവരുടെ ജോലി അവർ അന്ത്യത്തോളം ഉപേക്ഷിച്ചില്ല. സആ 25.3
അവരുടെ ലിഖിതങ്ങൾ ആകെ ലക്ഷത്തിൽപരം പുറങ്ങളടങ്ങിയവയാ യിരുന്നു. അവരുടെ തൂലികയിലൂടെ നല്കാനുള്ള ദൂതുകൾ, ആളാം പ്രതി. അയച്ച കത്തുകളും നമ്മുടെ പ്രസ്ഥാനം വക വാരികകളും അവർ ചമച്ച നിരവധി പുസ്തകങ്ങളും മുഖേനയാണ് സാധാരണ ജനത്തിനു കരഗതമാക്കപ്പെട്ടത്. അവയിലെ പ്രതിപാദ്യവിഷയങ്ങൾ വേദചരിതം, ദൈനം ദിനക്രിസ്തീയാനുഭവം, ആരോഗ്യം, വിദ്യാഭ്യാസം, സുവിശേഷഘോഷണം ആദിയായവയും മറ്റു പ്രായോഗിക സംഗതികളും ആയിരുന്നു. അവരുടെ നാല്പത്തി ആറു പുസ്തകങ്ങളിൽ പലതും ലോകത്തിലെ പ്രമുഖ ഭാഷകളിൽ ലക്ഷോപലക്ഷം പ്രതികൾ പ്രസിദ്ധീകരിച്ചു വിറ്റിട്ടുണ്ട്. സആ 25.4
തന്റെ 81-ാമത്തെ വയസ്സിൽ മിസ്സിസ് വൈറ്റ് 1900-ലെ ജനറൽ കോൺഫൻസു സമ്മേളനത്തിൽ സംബന്ധിപ്പാൻവന്നു. അതിനുശേഷമുണ്ടായിരുന്ന 5 സംവത്സരങ്ങളും അവർ തന്റെ ഗ്രന്ഥരചനാപരമായ പ്രവൃത്തിയുടെ പൂർത്തീകരണത്തിനായി വിനിയോഗിച്ചു. തന്റെ മരണം സമീപമായ പ്പോൾ മിസ്സിസ് വൈറ്റ് ഈ വാക്കുകൾ എഴുതി “എന്റെ ജീവൻ രക്ഷപ്പെട്ടാലും ഇല്ലെങ്കിലും എന്റെ ലിഖിതങ്ങൾ തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കും. അവയുടെ വേല കാലം നിലനില്ക്കുന്നിടത്തോളം പുരോഗമിക്കും.” സആ 26.1
ഭയരഹിതമായ ധൈര്യവും തന്റെ വീണ്ടെടുപ്പുകാരനിൽ പരിപൂർണ്ണവിശ്വാസവുമുള്ള ഒരു സ്ത്രീരത്നമായി മിസ്സിസ് വൈറ്റ് 1915 ജൂലായ് 16-നു തന്റെ വസതിയിൽ വച്ചു മരിക്കയും അവരുടെ മൃതദേഹം മിഷിഗൻ സംസ്ഥാനത്തിൽ ബാറ്റിൽ ക്രീക്ക് പട്ടണത്തിലെ ഓക്ക്ഹാളിലെ ശവക്കോട്ടയിൽ സ്വഭർത്താവിന്റെയും മക്കളുടെയും കല്ലറകൾക്കരികെ സംസ്കരിക്കപ്പെടുകയും ചെയ്തു. ഒരു സ്നേഹനിർഭരയായ മാതാവും എരിവുള്ളവളും ഉദാരമ തിയും അക്ഷീണപരിശ്രമം ചെയ്തുപോന്നവളുമായ ഒരു മത്രപ്രവർത്തക യായി മിസ്സിസ് വൈറ്റിനെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും പരിഗണിച്ചു ബഹുമാനിച്ചിരുന്നു. അവർ ഒരിക്കലും സഭയിൽ ഒരു ഔദ്യോഗിക സ്ഥാനം അലങ്കരിച്ചിട്ടില്ല. സഭ അവരെ ദൈവത്തിൽ നിന്നു തന്റെ ജനത്തിനു വേണ്ടിയുള്ള ദൂതോടുകൂടിയ സന്ദേശവാഹകയായിട്ടാണ് അറിയപ്പെട്ടിരുന്നത്. അവർ മറ്റുള്ളവരോടു തങ്കലേക്കു നോക്കുവാൻ ഒരിക്കൽപോലും ആവശ്യപ്പെട്ടിട്ടില്ല. തനിക്കു ലഭിച്ചിരുന്ന ആത്മീകവരത്തെ തന്റെ സാമ്പത്തികാവസ്ഥയുടെയോ ജനസ്വാധീനതയുടെയോ വർദ്ധനവിനായി അവർ ഒരിക്കലും ഉപയോഗിച്ചതുമില്ല. അവരുടെ ജീവനും അവർക്കുണ്ടായിരുന്ന സർവസ്വവും ദൈവവേലയ്ക്കായി പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. സആ 26.2
അവരുടെ മരണത്തെക്കുറിച്ച് ദി ഇൻഡിപ്പെൻഡന്റു എന്ന പ്രമുഖ വാരിക യുടെ 1916 ആഗസ്റ്റ് 23-ാം തിയ്യതിയിലെ ലക്കത്തിൽ പ്രതാധിപലേഖനത്തിന്റെ അവസാനത്തിൽ താഴെക്കാണുന്ന പ്രകാരം എഴുതിയിരിക്കുന്നു. അവൾ “തന്റെ വെളിപ്പാടുകളിൽ പരിപൂർണ്ണ വിശ്വാസമുള്ളവളായിരുന്നു. അതിനർഹമായ ജീവിതമായിരുന്നു അവളുടേത്. അവൾ ആത്മീകമായി ഉന്നതഭാവം കാണിക്കുകയോ ദുരാദായം ഇച്ഛിക്കയോ ചെയ്തിരുന്നില്ല. അവൾ യോഗ്യയായ ഒരു പ്രവാചകിയായി ജീവിക്കയും പ്രവർത്തിക്കയും ചെയ്തു. സആ 26.3
മിസ്സിസ് വൈറ്റ് മരിക്കുന്നതിന് ഏതാനും സംവത്സരങ്ങൾക്കു മുമ്പ് അവർ സഭയിലെ ചില പ്രമുഖ വ്യക്തികളെ ഉൾക്കൊളിച്ച് ഒരു പരിപാലനസമിതി അഥവാ ബോർഡ് ഓഫ് ട്രസ്റ്റീസ് രൂപീകരിച്ചിട്ടു തന്റെ ലിഖിതങ്ങളുടെ പരിരക്ഷണവും അവയുടെ തുടർച്ചയായ പ്രചാരണവും ആ സമിതിയെ ഭാരമേല്പിച്ചു. സെവന്ത് ഡേ അഡ്വന്റിസ്റ്റു ജനറൽ കോൺഫ്രൻസിന്റെ ആഗോള മുഖ്യസ്ഥാനമായ അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടൺ D.C. യിൽ പ്രസ്തുത മുഖ്യസ്ഥാനത്തിന്റെ ആഫീസും സ്ഥാപിച്ചുകൊണ്ട് എല്ലൻ ജി. വൈറ്റു ലിഖിതങ്ങളെ തുടർച്ചയായി ഇംഗ്ലീഷ് ഭാഷയിൽ പ്രചരിപ്പിക്കുകയും പൂർണ്ണമായോ ഭാഗികമായോ ഇതര ഭാഷ കളിലുള്ള അവയുടെ പ്രചാരണം പ്രോത്സാഹിപ്പിക്കയും ചെയ്തുവരുന്നു. ഈ സമിതി അനേകം പത്രലേഖനങ്ങളും കയ്യെഴുത്തു പ്രതികളും പ്രസിദ്ധീ കരിച്ചിട്ടുണ്ട്. മിസ്സിസ് വൈറ്റിന്റെ ഉപദേശങ്ങൾക്കനുയോജ്യമായിട്ടാണ് അവർ അങ്ങനെ ചെയ്തിട്ടുള്ളത്. ഈ ബോർഡിന്റെ അധികാരത്തോടുകൂടിയാണ് ഈ വാല്യവും പ്രസിദ്ധീകരിക്കുന്നത്. സആ 26.4