സഭയ്ക്കുള്ള ആലോചന
ഒന്നാം ഭാഗം - അവതാരിക
ക്രിസ്തുവിനെ എതിരേല്പാൻ ഒരുങ്ങുന്നത്
എല്ലാ സെവന്ത് ഡേ അഡ്വന്റിസ്റ്റുകാരും കർത്താവു തങ്ങൾക്കായി ഒരുക്കുവാൻ പോയിരിക്കുന്ന മനോഹര വാസസ്ഥലത്തിലേക്ക് തങ്ങളെ ചേർത്തു കൊണ്ടുപോകുവാനുള്ള അവന്റെ പ്രത്യാഗമനത്തിനായി ആകാം ക്ഷയോടുകൂടി നോക്കിപ്പാർക്കുന്നു. ആ സ്വർഗ്ഗീയ ഭവനത്തിൽ പാപം, നിരാശ, വിശപ്പ്, ദാരിദ്ര്യം, രോഗം, മരണം ഇത്യാദി വിപത്തുകൾ ഒന്നും ഉണ്ടായിരിക്കയില്ല. വിശ്വസ്തരായ മനുഷ്യർക്കു ലഭിക്കുവാനിരിക്കുന്ന പദവികളെപ്പറ്റി വിചിന്തനം ചെയ്കയാൽ അപ്പൊസ്തലനായ യോഹന്നാന്, “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സനേഹം നലകിയിരിക്കുന്നു. നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകുമെന്ന് ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുമ്പോലെ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നും നാം അറിയുന്നു” (1 യോഹ.3:1,2} എന്നു ആർത്തു ഘോഷിക്കാതിരിപ്പാൻ കഴിഞ്ഞില്ല. സആ 10.1
സ്വഭാവത്തിൽ തന്റെ ജനം യേശുവിനോട് സദൃശരായിരിക്കണമെന്നതാണ് ദൈവോദ്ദേശം. ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യ കുടുംബത്തിലെ എല്ലാ അംഗങ്ങളും തന്റേതിനു തുല്യമായ സ്വഭാവം വികസിപ്പിക്കണമെന്നുള്ളതായിരുന്നു ആദിമുതലുള്ള ദൈവത്തിന്റെ പദ്ധതി. ഈ പദ്ധതി നിറവേറുന്നതിനു ഏദനിൽ വച്ചുതന്നെ നമ്മുടെ പ്രഥമ മാതാപിതാക്കന്മാർ ക്രിസ്തുവിലും ദൂതന്മാരിലും നിന്നു മുഖാമുഖമായി ഉപദേശങ്ങൾ പ്രാപിക്കേണ്ടിയിരുന്നു. എന്നാൽ മനുഷ്യന്റെ പാപാനന്തരം അവനു സ്വർഗ്ഗീയ ജീവികളുമായി ഏതാദ്യശമുഖസമ്പർക്കത്തിലേർപ്പെടുവാൻ സാധിച്ചില്ല. സആ 10.2
അതിനാൽ മനുഷ്യൻ മാർഗ്ഗദർശനം ഇല്ലാത്തവനായിത്തീർന്നു പോകാതിരിക്കുവാൻ മനുഷ്യരോടു തന്റെ ഹിതം അറിയിക്കുവാൻ ദൈവം മറ്റുമാർഗ്ഗങ്ങൾ തെരഞ്ഞെടുത്തു. അങ്ങനെയുള്ള മാർഗ്ഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രവാചകന്മാർ മുഖാന്തിരം സ്ത്രീ പുരുഷന്മാരോട് തന്റെ ഹിതം വെളിപ്പെടുത്തുക എന്നുള്ളത്. യിസ്രായേലിനോട് ദൈവം “നിങ്ങളുടെയിടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവന്നു ദർശനത്തിൽ എന്ന വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോടു അരുളി ചെയ്കയും ചെയ്യും” (സംഖ്യ 12:6) എന്ന് അരുളി ചെയ്തു. സആ 10.3
തന്റെ ജനം അവർ ജീവിച്ചിരിക്കുന്ന കാലത്തെക്കുറിച്ചു മാത്രമല്ല പിന്നെയോ ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെപ്പറ്റിയും നല്ല അറിവും പ്രകാശനവും പാപിച്ചിരിക്കണമെന്നതാണ് ദൈവത്തിന്റെ ഉദ്ദേശം. “യഹോ വയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല” (ആമോ. 3:7). ഇതാണു ലോകമനുഷ്യരെ അപേക്ഷിച്ചു ദൈവജനത്തെ “വെളിച്ചത്തിന്റെ മക്കൾ” (1 തെസ്സ. 5:5) ആക്കിത്തീർക്കുന്നത്. സആ 10.4
പ്രവാചകന്റെ പ്രവൃത്തി വരുവാനുള്ള കാര്യങ്ങൾ മുന്നറിയിക്കുന്നതു കൂടാതെ മറ്റനേകം ചുമതലകൾകൂടെ ഉൾക്കൊള്ളുന്നതാകുന്നു. വിശുദ്ധ വേദപുസ്തകത്തിലെ ആറു പുസ്തകങ്ങൾ എഴുതിയ ദൈവത്തിന്റെ പ്രവാചകനായ മോശെ ഭാവിയിൽ സംഭവിക്കാനിരുന്നവയെപ്പറ്റി വളരെ കുറച്ചു മാത്രമേ എഴുയിട്ടുള്ളു. എന്നാൽ ആ പ്രവാചകന്റെ പ്രവൃത്തിയെ അതിന്റെ വിശാലമായ അർത്ഥത്തിൽ വിവരിക്കയിൽ ഹോശേയാ പ്രവാചകൻ “യഹോവ ഒരു പ്രവാചകൻ മുഖാന്തിരം യിസ്രായേലിനെ മിസ്രയീമിൽ നിന്നു കൊണ്ടുവന്നു, ആ പ്രവാചകനാൽ അവർ പാലിക്കപ്പെട്ടു” എന്നു എഴുതിയിരിക്കുന്നു. (ഹോശേ 12:13). സആ 11.1
പ്രവാചകൻ അവന്റെ കൂട്ടുകാരാലോ സ്വയമായോ നിയമിക്കപ്പെട്ടവനല്ല. ഒരു വ്യക്തി പ്രവാചകനായിരിക്കാനുള്ള തെരഞ്ഞെടുപ്പു പരിപൂർണ്ണമായും ദൈവകരങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു കാര്യമത്രെ. അവനു മാത്രമേ മനുഷ്യഹൃദയത്തെ കണ്ടറിവാൻ സാധിക്കയുള്ളു, കാലാകാലങ്ങളിൽ ദൈവം തനിക്കുവേണ്ടി സംസാരിക്കാൻ പുരുഷന്മാരെയും സ്ത്രീകളെയും തെരഞ്ഞെടുത്തിട്ടുണ്ടെന്നുള്ളതു ദൈവജനത്തിന്റെ ചരിത്രത്തിൽ തെളിഞ്ഞു കാണപ്പെടുന്ന ഒരു പ്രധാനവസ്തതയാകുന്നു.സന്ദേശവാഹക ചാലുകളായി ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട പുരുഷന്മാരും സ്ത്രീകളുമായ ഈ പ്രവാചകൻ ദൈവം തങ്ങൾക്കു ദിവ്യദർശനത്തിൽ വെളിപ്പെടുത്തിക്കൊടുത്ത കാര്യങ്ങൾ സംസാരിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. അവരുടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് വിലയേറിയ ദൈവവചനം അഥവാ വിശുദ്ധ വേദപുസ്തകം. ഈ പ്രവാചകർ മുഖേന മനുഷ്യർക്കു അവരുടെ ആത്മാക്കൾക്കുവേണ്ടി നടന്നു വരുന്ന പോരാട്ടത്തെപ്പറ്റി, ഒരു ഭാഗത്തു ക്രിസ്തുവിനും അവന്റെ ദൂതന്മാർക്കും മറു ഭാഗത്തു സാത്താനും അവന്റെ ദൂതന്മാർക്കും, തമ്മിൽ നടന്നു വരുന്ന പോരാ ട്ടത്തെപ്പറ്റിത്തന്നെ ഒരു അറിവു പ്രാപിപ്പാനിട നല്കപ്പെട്ടിട്ടുണ്ട്. നമുക്കു ലോകത്തിന്റെ അവസാന നാളുകളിലുള്ള ഈ പോരാട്ടത്തെയും തന്റെ വേലയുടെ ഭ്രദകരമായ നടത്തിപ്പിനും തങ്ങളുടെ കർത്താവിനെ എതിരേല്പാൻ ഒരുങ്ങി കാത്തിരിക്കുന്ന സ്ത്രീ പുരുഷന്മാരടങ്ങിയ സംഘാംഗങ്ങളുടെ സ്വഭാവ പൂർത്തീകരണത്തിനുമായി ദൈവം പ്രദാനം ചെയ്തിട്ടുള്ള മാർഗ്ഗങ്ങളെക്കുറിച്ചു ഒരു അറിവു പ്രാപിപ്പാനിട നല്കപ്പെട്ടിട്ടുണ്ട്. ഒടുവിലത്തെ വേദ പുസ്തക എഴുത്തുകാരായ അപ്പൊസ്തലന്മാരും അവസാന നാളുകളിലെ സംഭവങ്ങളുടെ ഒരു തെളിവായ തൂലികാചിത്രം നമുക്കു നല്കിയിട്ടുണ്ട്. പൗലൊസ് “ദുർഘടസമയങ്ങളെപ്പറ്റി” എഴുതിയിട്ടുണ്ട്. പത്രൊസ്, “അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ... എന്നു പറഞ്ഞു സ്വന്ത മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ വരുമെന്ന് മുന്നറിയിച്ചിട്ടുണ്ട്. സഭ ഈ കാലത്ത് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കേണ്ടതാണ്. കാരണം സാത്താൻ “ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്യാൻ പുറപ്പെട്ടതു യോഹന്നാൻ കണ്ടു. സആ 11.2
ഈ വേദപുസ്തക എഴുത്തുകാർ യേശു വരുന്നതിനു മുമ്പ് തന്റെ ജനത്തിന്നു പ്രത്യേക വെളിച്ചവും സഹായവും നല്കുവാൻ ദൈവം പദ്ധതി ചെയതിട്ടുണ്ട് എന്നു കണ്ടു. സആ 12.1
ക്രിസ്തുവിന്റെ പ്രത്യക്ഷതയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന സഭ -അഡ്വന്റിസ്റ്റു സഭ തന്നെ- ഒരു കൃപാവരത്തിലും കുറവില്ലാത്തവരായിരിക്കുമെന്നു പൗലൊസ് പറയുന്നു (1 കൊരി. 1:7,8) - അതിനകത്തു അപ്പൊസ്തലന്മാരും പ്രവാചകന്മാരും സുവിശേഷകന്മാരും ഇടയന്മാരും ഉപദേഷ്ടാക്കന്മാരും ഉള്ളതുകൊണ്ട് (എഫേ.4:11) അതു ഐക്യതയും പ്രായപൂർത്തിയും പ്രാപിച്ചിട്ടു നല്ല നേതൃത്വവും പ്രവചനാത്മ വരവും കൊണ്ടു അനുഗൃഹീതയായിരിക്കും. സആ 12.2
യോഹന്നാൻ അപ്പൊസ്തലൻ അന്ത്യകാല സഭാംഗങ്ങളെ അഥവാ “സുവിശേഷ സഭ” യെ “ദൈവകല്പന പ്രമാണിക്കുന്നവർ” (വെളി. 12:17) ആണെന്ന് വേർതിരിച്ചു കാണിച്ചിരിക്കുന്നു. ഇങ്ങനെ അന്ത്യകാലസഭയെ കല്പന അനുസരിക്കുന്ന ഒരു സഭയാക്കിത്തീർത്തിരിക്കുന്നു. ഈ ശേഷിപ്പു സഭയ്ക്ക് “പ്രവചനത്തിന്റെ ആത്മാവാകുന്ന” (വെളി. 19:10) “യേശുവിന്റെ സാക്ഷ്യവും” ഉണ്ടായിരിക്കും. സആ 12.3
ഇതിൽ നിന്നു ദൈവത്തിന്റെ നിർണ്ണയപ്രകാരം, (പവചനത്തിലെ സഭയായ സെവന്ത് ഡേ അഡ്വന്റിസ്റ്റു സഭയുടെ ആവിർഭാവത്തിങ്കൽതന്നെ അതിന്റെ നടുവിൽ പ്രവചനത്തിന്റെ ആത്മാവും ഉണ്ടായിരിക്കുമെന്നു വെളിവാകുന്നുണ്ട്. കഴിഞ്ഞുപോയ നൂറ്റാണ്ടുകളിൽ ചില പ്രത്യേക ആവശ്യങ്ങൾ നേരിട്ട സന്ദർഭങ്ങളിലെല്ലാം ദൈവം തന്റെ ജനത്തോടു സംസാരിച്ചിട്ടുള്ളതു പോലെ തന്നെ പോരിന്റെ ഉഗ്രതയും കാലത്തിന്റെ ദുർഘടാവസ്ഥയും വർദ്ധമാനമായിരിക്കുന്ന ഈ അന്ത്യനാളുകളിലും അവൻ തന്റെ ജനത്തോടു സംസാരിക്കേണ്ടതു എത്രമാത്രം അത്യന്താപേക്ഷിതമാണ്. സആ 12.4
പ്രവചനത്തിലെ ഈ സഭ-സെവന്ത് ഡേ അഡ്വന്റിസ്റ്റു സഭ തന്നെ-നൂറിൽപരം സംവത്സരങ്ങൾക്ക് മുമ്പ് ആവർഭവിച്ചപ്പോൾ പ്രവചനം മുന്നറിയിച്ചിരുന്ന ആ പ്രത്യേക കാലത്തു തന്നെ നമ്മുടെയിടയിൽ “ദൈവം എനിക്കു ദിവ്യദർശനത്തിൽ കാണിച്ചുതന്നു” എന്നു പ്രഖ്യാപിക്കുന്ന ഒരു ശബ്ദം കേട്ടുതുടങ്ങി. സആ 12.5
ഇവ ആത്മപ്രശംസാപരമായ വാക്കുകളല്ല, പത്ത്, പതിനേഴു വയസ്സുള്ളവളും ദൈവത്തിനുവേണ്ടി സംസാരിപ്പാൻ അവനാൽ വിളിക്കപ്പെട്ടവളുമായ ഒരു യുവതിയുടെ പ്രസ്താവനയായിരുന്നു. പിന്നീട് എഴുപതു സംവത്സരം നീണ്ടുനിന്ന വിശ്വസ്ത ശുശ്രൂഷയിലൂടെ ആ ശബ്ദം നമ്മുടെയിടയിൽ വഴി കാണിച്ചും തെറ്റു തിരുത്തിയും ഉപദേശിച്ചു കൊണ്ടു നിലനിന്നിരുന്നു. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ദൂതുവാഹകയായിരുന്ന മിസ്സിസ് എലൻ വൈറ്റിന്റെ ലിഖിതങ്ങളായി നമുക്കു സിദ്ധിച്ചിട്ടുള്ള ബഹു സഹസ്രം പേജുകളിലൂടെ ആ ശബ്ദം നമ്മുടെയിടയിൽ ഇന്നും കേൾക്കുന്നുണ്ട്. സആ 12.6