സഭയ്ക്കുള്ള ആലോചന

243/306

അദ്ധ്യായം 49 - നാം കഴിക്കുന്ന ആഹാരം

നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണു നമ്മുടെ ശരീരം നിർമ്മിക്കപ്പെടുന്നത്. ശരീരത്തിലെ സജീവ വസ്തു സദാ തകർന്നുകൊണ്ടിരിക്കുന്നു. ഓരോ അവയവത്തിന്റെ പലനത്തിലും നഷ്ടം ഉണ്ടാകുന്നു. ഈ നഷ്ടം പരിഹരിക്കുന്നതു നമ്മുടെ ആഹാരത്തിൽനിന്നാണ്. ശരീരത്തിലെ ഓരോ ഇന്ദ്രിയവും അവയ്ക്കാവശ്യമായ പോഷണം ആവശ്യപ്പെടുന്നു. തലച്ചോറിന്നാവശ്യമായതു കൊടുക്കണം. അസ്ഥി, മാംസപേശി, സിര, ഇവയുടേതു ആവശ്യപ്പെടുന്നു. ആഹാരത്തെ രക്തമായി മാറ്റുന്നതു അത്ഭുതകരമായ പ്രവർത്തനമാണ്. ഈ രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ പണിയുന്നതിനുപയോ ഗിക്കുന്നു. എന്നാൽ, നിരന്തരം നടന്നു മാംസപേശികൾക്കും സിരകൾക്കും ജീവവസ്തുക്കൾക്കും ജീവനും ശക്തിയും പ്രദാനം ചെയ്ത ഈ പ്രവർത്തനം തുടർന്നു നടന്നുകൊണ്ടിരിക്കുന്നു. സആ 376.1

ശരീരഘടനക്കു ഏറ്റവും ഉത്തമമായ ആഹാരം പ്രദാനം ചെയ്യുന്ന ആഹാര പദാർത്ഥങ്ങളെ തെരഞ്ഞെടുക്കണം. ഈ തെരഞ്ഞെടുപ്പിൽ അഭിരുചി നല്ല വഴി കാട്ടിയല്ല. തെറ്റായ ഭക്ഷണ പരിചയം ആഹാര രുചിയെ തെറ്റിക്കുന്നു. അതു പലപ്പോഴും ആരോഗ്യത്തിനു ഹാനികരവും ശക്തിക്കുപകരം ബലഹീനത ഉളവാക്കുന്നതുമായ ആഹാരം ആവശ്യപ്പെടുന്നു. സാമുദായിക ആചാരങ്ങളാൽ നാം സുരക്ഷിതമായി നയിക്കപ്പെടുന്നില്ല. ഇന്നെവിടെയും കാണുന്ന രോഗങ്ങളും കഷ്ടതകളും ഏറിയ കൂറും ആഹാരത്തെ സംബന്ധിച്ചുളള സർവ്വസാധാരണ തെറ്റുകൾ മൂലം ഉളവാകുന്നതാണ്. സആ 376.2

എന്നാൽ എല്ലാ ആഹാരവും എല്ലാ പരിതസ്ഥിതികളിലും നമ്മുടെ ആവശ്യങ്ങൾക്കു ഒരുപോലെ യോജിക്കത്തക്ക സംപൂർണ്ണതയുള്ളതല്ല. ആഹാരം കാലാവസ്ഥക്കും ജോലിക്കും യോജിച്ചതായിരിക്കണം. ഒരു പ്രത്യേക കാലാവസ്ഥയിൽ ഉപയോഗിക്കുവാൻ ഉണ്ടാക്കുന്ന ചില ആഹാരങ്ങൾ മറ്റൊന്നിനും ഉപയോഗപ്രദമല്ല. അതുപോലെ വിവിധ ആഹാരങ്ങൾ വിവിധ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കു യോജിച്ചതായിരിക്കും. സാധാരണ, അധിക കായികാദ്ധ്വാനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഉപയോഗിക്കുന്ന ആഹാരം, ശരീരാധ്വാനം കൂടാതുള്ള ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കോ മാനസികാദ്ധ്വാനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കോ പറ്റിയതല്ല. വിവിധങ്ങളായ ധാരാളം ആരോഗ്യദായകങ്ങളായ ഭക്ഷണപദാർത്ഥങ്ങൾ ദൈവം നല്കിയിരിക്കുന്നു. തന്റെ ആവശ്യങ്ങൾക്കു ഏറ്റവും യോജിച്ചവ അനുഭവവും നല്ല തീരുമാനവും അനുസരിച്ചു തെരഞ്ഞെടുക്കണം. (MH295297) സആ 376.3