വീണ്ടെടുപ്പിന്‍ ചരിത്രം

35/233

11 - യിസഹാക്കിന്‍റെ വിവാഹം

(ഉല്പത്തി 24)

കനാന്യർ വിഗ്രഹാരാധികൾ ആയിരുന്നു; അവരുമായി മിശ്രവിവാഹത്തിലേർപ്പെട്ടാൽ തങ്ങളും വിഗ്രഹാരാധികളായിപ്പോകാനിടയുള്ളതിനാൽ അതു ചെയ്യരുതെന്ന് ദൈവം കല്പിച്ചിരുന്നു. അബ്രഹാം പ്രായമായി പെട്ടെന്നു മരിക്കുമെന്നു കരുതി. യിസഹാക്കു വിവാഹിതനായിട്ടില്ല. യിസഹാക്കിനു ചുറ്റുമുള്ള ദുഷിച്ച പ്രേരണാശക്തിയെപ്പറ്റി അബ്രഹാം ഭയപ്പെട്ടിരുന്നു. അവൻ ഒരു ഭാര്യയെ തിരഞ്ഞെടുക്കുകയും അത് അവനെ ദൈവത്തിൽനിന്ന് അകറ്റാത്തതായിരിക്കണമെന്നും അവൻ ആഗ്രഹിച്ചു. ഈ ചുമതല തന്‍റെ ഏറ്റവും വിശ്വസ്തനും തന്‍റെ ഭവനത്തിന്‍റെ കാര്യവിചാരകനുമായ ദാസനെ ഭരമേല്പിച്ചു. വീച 90.1

തന്‍റെ മകനു കനാന്യരിൽനിന്ന് ഒരു ഭാര്യയെ എടുക്കാതെ അബ്രഹാമിന്‍റെ ബന്ധുജനങ്ങൾ സത്യദൈവത്തിൽ വിശ്വസിക്കുന്നവർ ആകയാൽ അവരുടെ അടുക്കൽ പോയി യിസഹാക്കിന് ഒരു ഭാര്യയെ കണ്ടെത്താമെന്ന് അവന്‍റെ സന്നിധിയിൽ ഒരു വാഗ്ദത്തം ചെയ്യണമെന്ന് അവനോടു പറഞ്ഞു. യിസഹാക്കിനെ താൻ കടന്നുപോന്ന സമൂഹത്തിലേക്കു മടക്കിക്കൊണ്ടുപോകാൻ മുതിരരുത്. അവരെല്ലാം മിക്കവാറും വിഗ്രഹാരാധനയാൽ മലിനപ്പെട്ടിരുന്നു. സ്വന്തക്കാരെ വിട്ടു പിരിഞ്ഞ് പോരാൻ മനസ്സുള്ള ഒരു ഭാര്യയെ യിസഹാക്കിനു വേണ്ടി കണ്ടു പിടിക്കാൻ കഴിയാതിരുന്നാൽ അവൻ ചെയ്ത വാഗ്ദത്തത്തിൽ നിന്നു ഒഴിവുള്ളവൻ ആയിരിക്കും എന്നുപറഞ്ഞു. വീച 90.2

ഈ പ്രധാന കാര്യം യിസഹാക്കിന് മാത്രമായി സ്വന്തം ഇഷ്ടപ്രകാരം പിതാവിനെ കൂടാതെ നടത്താൻ വിട്ടുകൊടുത്തില്ല. അബ്രഹാം തന്‍റെ ദാസനോടു ദൈവം ദൂതനെ തനിക്കു മുമ്പായി അയയ്ക്കുമെന്നും തിരഞ്ഞെടുപ്പിൽ അവനെ ശരിയായ പാതയിൽ നയിക്കുമെന്നും പറഞ്ഞു. ഈ ദൗത്യം നിറവേറ്റാനായി ദീർഘയാത്ര ചെയ്ത് അവൻ അബ്രഹാമിന്‍റെ ബന്ധുക്കൾ പാർക്കുന്ന പട്ടണത്തിൽ പ്രവേശിച്ചപ്പോൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചത് യിസഹാക്കിന് ഒരു ഭാര്യയെ തിരഞ്ഞെടുക്കാൻ തന്നെ ശരിയായ പാതയിൽതന്നെ ദൈവം നടത്തേണമേ എന്നായിരുന്നു. അവന് അതിൽ ഒരു തെറ്റും പറ്റാതിരിപ്പാൻ ഒരു തെളിവ് കൊടുക്കണമെന്നും പ്രാർത്ഥിച്ചു. ധാരാളം ജനങ്ങൾ കൂടിവരുന്ന ഒരു കിണറിന്‍റെ സമീപം ഇരുന്ന്‍ അവൻ വിശ്രമിച്ചു. അവിടെ അവൻ റിബേക്കയുടെ മര്യാദയുള്ള പെരുമാറ്റവും പരിജ്ഞാനബദ്ധമായ പ്രവർത്തനവും ശ്രദ്ധിച്ചു. യിസഹാക്കിന് ഭാര്യയായി തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ത്രീ അവൾ ആയിരിക്കുമെന്നും അവൻ കരുതി. അവൾ അവനെ തന്‍റെ പിതാവിന്‍റെ ഭവനത്തിലേക്കു ക്ഷണിച്ചു. അവിടെ ചെന്ന്‍ റിബേക്കയുടെ പിതാവിനോടും സഹോദരനോടും തന്‍റെ യജമാനനായ അബ്രഹാമിന്‍റെ പുത്രൻ യിസഹാക്കിനുവേണ്ടി ഭാര്യയായി തിരഞ്ഞെടുക്കാൻ ദൈവത്തിൽനിന്നു ലഭിച്ച തെളിവുകൾ അവൻ അറിയിച്ചു. വീച 91.1

അബ്രഹാമിന്‍റെ ദാസൻ അവരോടു പറഞ്ഞു: “നിങ്ങൾ എന്‍റെ യജമാനനോടു ദയവായും സത്യസന്ധമായും പെരുമാറുമെങ്കിൽ എന്നോടു പറയുക, അല്ലെങ്കിൽ അതും പറയുക, ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.” പിതാവും സഹോദരനും ഉത്തരം പറഞ്ഞു. “ദൈവത്തിൽ നിന്നും വരുന്ന കാര്യത്തിനു ഞങ്ങൾക്കു നിന്നോട് നന്മയോ തിന്മയോ പറവാൻ കഴികയില്ല. കണ്ടാലും റിബേക്ക, നിന്‍റെ മുമ്പിൽ ഉണ്ടല്ലോ, അവളെ കൂട്ടിക്കൊണ്ടു പോക, ദൈവം കല്പിച്ചതുപോലെ അവൾ നിന്‍റെ യജമാനന്‍റെ പുത്രനു ഭാര്യയായിരിക്കട്ടെ.” അബ്രഹാമിന്‍റെ ദാസൻ അവരുടെ മറുപടി കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്ക്കരിച്ചു. വീച 91.2

എല്ലാ ക്രമീകരണങ്ങളും കഴിഞ്ഞു. പിതാവിന്‍റെയും സഹോദരന്‍റെയും സമ്മതം കിട്ടിക്കഴിഞ്ഞ് റിബേക്കയോട് ആലോചിച്ചു. പിതാവിന്‍റെ ഭവനത്തിൽനിന്നും വളരെ അകലെ യിസഹാക്കിന്‍റെ ഭാര്യയായി പോകാൻ ഇഷ്ടപ്പെടുമോ എന്നു ചോദിച്ചു. ദൈവകരങ്ങളാണ് അവളെ യിസഹാക്കിന്‍റെ ഭാര്യയാക്കാൻ തിരഞ്ഞെടുത്തത് എന്ന് ചുറ്റുപാടുകൾകൊണ്ട്അവൾ കരുതി. അതിനാൽ അവൾ പറഞ്ഞു: “ഞാൻ പോകും.” വീച 92.1

വിവാഹക്കരാർ പൊതുവെ മാതാപിതാക്കന്മാരുടെ സമ്മതത്തോടെയാണ് ചെയ്യുന്നത്. എന്നാൽ പരസ്പരം സ്നേഹിക്കാത്തവർ തമ്മിലുള്ള വിവാഹത്തിനു നിർബന്ധിക്കാറുമില്ല. കുട്ടികൾക്കു മാതാപിതാക്കൻമാരുടെ തീരുമാനത്തിൽ വിശ്വാസം ഉണ്ടായിരുന്നു. അതിനാൽ അവരുടെ ആലോചനയെ നിരസിക്കാതെ അംഗീകരിക്കുമായിരുന്നു. അതിന് എതിരായി സ്വതന്ത്രമായ ഒരു പാത തിരഞ്ഞെടുക്കുന്നത് ഒരു കുറ്റകൃത്യമായി പരിഗണിക്കപ്പെട്ടിരുന്നു. വീച 92.2