വീണ്ടെടുപ്പിന്‍ ചരിത്രം

191/233

48 - നവീകരണത്തിന്‍റെ പുരോഗമനം

ചാൾസ് അഞ്ചാമൻ എന്നൊരു പുതിയ ചക്രവർത്തി ജർമ്മനിയിൽ സിംഹാസനസ്ഥനാവുകയും റോമിൽനിന്നുള്ള രഹസ്യദൂതന്മാർ മുഖാന്തിരം അഭിവാദ്യങ്ങൾ അർപ്പിക്കുകയും നവീകരണത്തിന് എതിരായി ചക്രവർത്തിയുടെ ശക്തി പ്രയോഗിപ്പാൻ പ്രേരിപ്പിക്കുകയും ചെയ്തു. ചക്രവർത്തി തന്‍റെ കിരീടത്തിന് കൂടുതൽ കടപ്പെട്ടിരുന്ന സാക്സണിലെ എലക്റ്റർ ലൂഥറിനെ വിസ്തരിക്കാതെ അവന്‍റെ പേർക്ക് നടപടികളൊന്നും എടുക്കരുതെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. വീച 388.1

ചാൾസ് ചക്രവർത്തിയായ ഉടനെ വേംസിൽ ഒരു ആലോചനാ സമിതി വിളിച്ചുകൂട്ടി എല്ലാവരുടെയും ശ്രദ്ധ അതിലേക്ക് തിരിച്ചു. ഈ ദേശീയ സമിതിയിൽ പ്രധാനപ്പെട്ട പല രാഷ്ട്രീയപ്രശ്നങ്ങളും കൈകാര്യം ചെയ്യാനുണ്ടായിരുന്നു; വിറ്റൻബർഗ്ഗിലെ സന്യാസിയുടെ കാര്യം ചർച്ച ചെയ്യാൻ വളരെ കുറച്ചു സമയമെ ഉണ്ടായിരുന്നുള്ളൂ. വീച 388.2

ചാൾസ് നേരത്തേതന്നെ ലൂഥറെ ആലോചനാസമിതിയിൽ കൊണ്ടു വരുവാൻ തിരെഞ്ഞെടുക്കപ്പെട്ട വ്യക്തിക്കു നിർദ്ദേശം നല്കിയിരുന്നു. നവീകരണ കർത്താവിനു ആവശ്യമായ സംരക്ഷണം നല്കണമെന്നും ഏതു അക്രമത്തിൽനിന്നും അവനെ രക്ഷിക്കുമെന്ന് അവന് ഉറപ്പ് നല്കണമെന്നും എതിരുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രാപ്തിയുള്ള ഒരാളെക്കൂടെ കൊണ്ടു വരണമെന്നും നിർദ്ദേശിച്ചിരുന്നു. ചക്രവർത്തിയുടെ മുമ്പിൽ വരാൻ ലൂഥർ വളരെ ആകാംക്ഷയുള്ളവൻ ആയിരുന്നു. വീച 388.3

ലൂഥറിന്‍റെ സ്നേഹിതന്മാർക്ക് ഭയവും തീവ്രദുഃഖവുമാണുണ്ടായത്. അവനെതിരായിട്ടുള്ള മുൻവിധിയും ശത്രുതയും അവർക്ക് അറിയാം. അവന്‍റെ സുരക്ഷിതത്വം മാനിക്കപ്പെടുകയില്ലെന്നുള്ളതിനാൽ അവന്‍റെ ജീവൻ അപകടത്തിലാകരുതെന്ന് അവനോടു കെഞ്ചി അപേക്ഷിച്ചു. ലൂഥർ മറുപടി പറഞ്ഞു: “ഞാൻ വേംസിൽ വരരുതെന്നു പാപ്പായുടെ ആൾക്കാർ ആഗ്രഹിച്ചു; എന്നാൽ എന്‍റെ ശിക്ഷാവിധിയും മരണവും അത്ര കാര്യമുള്ളതല്ല. എനിക്കുവേണ്ടി പ്രാർത്ഥിക്കാതെ ദൈവവചനത്തിനുവേണ്ടി പ്രാർത്ഥിപ്പിൻ.” വീച 389.1