വീണ്ടെടുപ്പിന്‍ ചരിത്രം

140/233

34 - പീഡനത്തിൽ ദൈവത്തോടുള്ള ദൃഢഭക്തി

(അപ്പൊ. പ്രവൃത്തികൾ 5:12-42)

ക്രൂശിക്കപ്പെട്ട് മരിച്ച് പുനരുദ്ധാനം ചെയ്ത രക്ഷകന്‍റെ കാരുണ്യ പ്രവർത്തനങ്ങളിൽപ്പെട്ട രോഗസൗഖ്യം വലിയ ശക്തിയോടെ അപ്പൊസ്തലന്മാർ തുടർന്നു. ദിനംപ്രതി ജനം സഭയോടു ചേർന്നു. എന്നാൽ ഏകമനസ്സോടും ഏകഹൃദയത്തോടും ക്രിസ്തുവിൽ വിശ്വസിക്കാതിരുന്നവർ അവരോടു ചേരുവാൻ ധൈര്യപ്പെട്ടില്ല. യെരുശലേമിൽ ജനം തടിച്ചുകൂടി അവരുടെ ഇടയിലുള്ള രോഗികളെയും ഭൂതബാധിതരെയും കൊണ്ടുവന്നു. പത്രൊസും യോഹന്നാനും കടന്നുപോകുമ്പോൾ അവരുടെ നിഴൽതട്ടി സൗഖ്യം പ്രാപിപ്പാൻ രോഗികളെ വഴിയരികിൽ കിടത്തിയിരുന്നു. പുനരുദ്ധാനം ചെയ്ത രക്ഷകന്‍റെ ശക്തി വാസ്തവത്തിൽ അപ്പൊസ്തലന്മാരുടെ മേൽ ഉണ്ടായിട്ട് അവർ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുകയും ദിവസേന വിശ്വാസികൾ വർദ്ധിച്ചുവരികയും ചെയ്തു. വീച 284.1

ഇത് പുരോഹിതന്മാരെയും ഭരണാധികാരികളെയും പ്രത്യേകിച്ച് അവരുടെ ഇടയിലുള്ള സദൂക്യരെയും വളരെ സംഭ്രമ ചിത്തരാക്കി. പുനരുദ്ധാനം ചെയ്ത രക്ഷകനെക്കുറിച്ച് അപ്പൊസ്തലന്മാർ പ്രസംഗിപ്പാനും അവന്‍റെ നാമത്തിൽ അത്ഭുതങ്ങൾ പ്രവർത്തിപ്പാനും അനുവദിക്കപ്പെട്ടാൽ, മരിച്ചവർക്കു പുനരുദ്ധാനമില്ല എന്നുള്ള അവരുടെ ഉപദേശം എല്ലാവരും നിരസിക്കുകയും പെട്ടെന്നു അവരുടെ കൂട്ടം ഇല്ലാതാകയും ചെയ്യുമെന്ന് അവർ കരുതി. അപ്പൊസ്തലന്മാരുടെ പ്രസംഗംമൂലം യെഹൂദന്മാരുടെ ആചാരങ്ങളും യാഗകർമ്മാദികളും പ്രയോജനമില്ലാത്തതായിത്തീരുമെന്ന് പരീശന്മാർ ഗ്രഹിച്ചു. അവരെ ഒതുക്കാൻ മുമ്പുചെയ്ത പരിശ്രമങ്ങളൊക്കെ വൃഥാവിലാകയും ചെയ്യുമെന്നുള്ളതിനാൽ ജനത്തിന്‍റെ മനംമാറ്റത്തെ അടിച്ചമർത്താൻ അവർ തീരുമാനിച്ചു. വീച 284.2