ക്രിസ്തുസോപാനം
ക്രിസ്തുസോപാനം
വിഷയാനുക്രമണിക
മുഖവുര
ദൈവത്തില്‍നിന്ന് പാപംനിമിത്തം അന്യപ്പെട്ടുപോയിരിക്കുന്ന മാനുഷവംശത്തോട് മനസ്സലിവുള്ള സ്നേഹപൂര്‍ണ്ണനായ നമ്മുടെ രക്ഷിതാവിന്‍റെ കാരുണ്യക്ഷണം കേള്‍ക്കാത്തചെവികള്‍ ഏറെ ഉണ്ടായിരിക്കുകയില്ല. “എന്‍റെ അടുക്കല്‍വരുവിന്‍” എന്ന് അവന്‍ ഏവരേയും കൃപാലാവണ്യത്തോടെ ക്ഷണിക്കുന്നു. ഈ വിളികേട്ടിരിക്കുന്ന മനുഷ്യരില്‍ ചിലര്‍ക്ക് ക്രിസ്തുവിന്‍റെ സഹായത്തോടുകൂടി പിതാവിന്‍റെ ഭവനത്തിലേക്ക് മടങ്ങിച്ചെല്ലുവാനുള്ള ഒരു വാഞ്ചയുണ്ടായിരിക്കും. പലപ്പോഴും അങ്ങനെയുള്ളവര്‍ തോമസിനെപ്പോലെ ഞങ്ങള്‍ വഴി എങ്ങനെ അറിയും? എന്ന് ചോദിക്കാറുണ്ട്. അങ്ങനെ ഉള്ളവര്‍ക്ക് പിതാവിന്‍റെ ഭവനം വളരെ ദൂരത്താണെന്നും അവിടെയ്ക്കുള്ള വഴി ഞങ്ങള്‍ക്ക് നിശ്ചയമില്ലെന്നും അത് വളരെപ്രയാസമുള്ളതാണെന്നും തോന്നിപ്പോകുന്നു. നമ്മെ സ്വര്‍ഗ്ഗീയഭവനത്തിലെത്തിക്കുന്ന മാര്‍ഗ്ഗം ഏതാണ്? KP 3.1
ഈ പുസ്തകത്തിന്‍റെ തലക്കെട്ടില്‍നിന്നു ഇതിന്‍റെ ഉദ്ദേശം എന്തെന്ന് അനുമാനിക്കാമല്ലോ. നമ്മുടെ ആത്മാവിന്‍റെ എല്ലാ ആവശ്യകതകളേയും നിവൃത്തിക്കയും, സംശയിച്ചും ചഞ്ചലിച്ചും നില്‍ക്കുന്നവരുടെ കാലുകളെ “സമാധാനവഴിയില്‍” നടത്തിക്കയും ചെയ്യുവാന്‍ ശക്തനായ യേശുവിനെ ഈ പുസ്തകം നമ്മുക്ക് ചൂണ്ടിക്കാണിക്കുന്നു. നീതിക്കായിവിശക്കയും പൂര്‍ണ്ണപുരുഷത്വം പ്രാപിപ്പാന്‍ ആഗ്രഹിക്കയും ചെയ്യുന്ന ദേഹിയെ പ്രസ്തുത ഗ്രന്ഥം ക്രിസ്തീയ ജീവിതത്തില്‍ പടിപടിയായി കയറ്റി ഒടുവില്‍ പാപികളുടെ സ്നേഹിതനായ യേശുവിന്‍റെ രക്ഷാകരമായ കൃപയിലും സംരക്ഷണയിലും ഉള്ള ഉറപ്പേറിയ വിശ്വാസത്താലും വിധേയത്വത്താലും ഉളവാകുന്ന സമ്പൂര്‍ണ്ണ ഭാഗ്യാനുഭവത്തിലേക്ക് അവനെ നടത്തിക്കൊണ്ടു പോകുന്നു. ഈ പുസ്തകത്തില്‍ അടങ്ങിയിരിക്കുന്ന ഉപദേശങ്ങള്‍ ഹൃദയകലക്കത്തോടും നിരാശയോടും കൂടിയിരുന്ന അനേകം ആത്മാക്കള്‍ക്ക് വലിയ ആശ്വാസവും ധൈര്യവും പ്രദാനം ചെയ്തിട്ടുണ്ടെന്ന് മാത്രമല്ല- ക്രിസ്താനുഗാമികളായ പലരും പൂര്‍വ്വാധികം ശുഷ്ക്കാന്തിയോടും സന്തോഷത്തോടുംകൂ ടെ തങ്ങളുടെ ദിവ്യഗുരുവിന്‍റെ കാലടികളെ പിന്‍ തുടരുന്നതിന് ഹേതുഭൂതമായുംതീര്‍ന്നിട്ടുണ്ട്. ഏതാദൃശസഹായങ്ങള്‍ ആവശ്യമുള്ള ഇതര ആത്മാക്കള്‍ക്കും ഈ പുസ്തകം അപ്രകാരം തന്നെ ഉപയോഗപ്രദമായിത്തീരുമെന്നു വിശ്വസിക്കുന്നു. അവരും സ്വര്‍ഗ്ഗീയപാതയിലെ പടിക്കെട്ടുകള്‍ സ്പഷ്ടമായി കാണുമാറാകട്ടെ. KP 3.2
പൂര്‍വ്വപിതാവായ യാക്കോബിന്‍റെ അനുഭവം അതായിരുന്നുവല്ലൊ. തന്‍റെ പാപം നിമിത്തം ദൈവം തന്നെ കൈവിട്ടു കളഞ്ഞിരിക്കുമൊ എന്ന് വിഷാദത്തോടെ വഴിമദ്ധ്യെ ഒരിടത്തു കിടന്നുറങ്ങുമ്പോള്‍, “അവന്‍ ഒരു സ്വപ്നം കണ്ടു. ഇതാ ഭൂമിയില്‍ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്‍റെ തലസ്വര്‍ഗ്ഗത്തോള്ളം എത്തിയിരുന്നു.” “സ്വര്‍ഗ്ഗത്തിനും ഭൂമിക്കും തമ്മിലുള്ള ബന്ധം അതുമൂലം അവന്നു വെളിപ്പെട്ടുവന്നു.” ആ കോവണിയുടെ അറ്റത്ത് നിന്നിരുന്ന ദിവ്യപുരുഷന്‍ അവനെ ധൈര്യപ്പെടുത്തുന്ന ആശ്വാസവചനങ്ങള്‍ അവനോടു പറഞ്ഞു. ജീവമാര്‍ഗ്ഗത്തെകുറിച്ചുള്ള ഈ ചരിത്രം വായിക്കുന്ന ഏവര്‍ക്കും ഈ സ്വര്‍ഗ്ഗീയ ദര്‍ശനത്തിന്‍റെ അനുഭവം ഉണ്ടാകുവാന്‍ ദൈവം തുണയ്ക്കട്ടെ. KP 4.1
പ്രസാധകര്‍.